മകൾ ഭാഗ്യയുടെ താലികെട്ട് ചടങ്ങിന് ഗുരുവായൂരും കൊച്ചിയിൽ നടത്തിയ വിവാഹസൽക്കാരത്തിനും എത്താൻ സാധിക്കാതെ പോയവർക്ക് വേണ്ടി തിരുവനന്തപുരത്ത് വീണ്ടുമൊരു സൽക്കാരം നടത്തുകയാണ് സുരേഷ് ഗോപി. മോഹൻലാൽ ഗുരുവായൂരിലെ ചടങ്ങിൽ പങ്കെടുത്തിരുന്നുവെങ്കിലും കൊച്ചിയിൽ വന്നിരുന്നില്ല. എന്നാൽ, തിരുവനന്തപുരത്തെ ഫങ്ഷനിൽ വന്ന് ദമ്പതികളെ അനുഗ്രഹിച്ചു.
തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജഗതി ശ്രീകുമാർ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്. വീൽചെയറിൽ താരത്തെ ഇരുത്തി കുടുംബമാണ് പരിപാടിയിലേക്ക് കൊണ്ടുവന്നത്. സൽക്കാരത്തിൽ പങ്കെടുത്ത് ഭാഗ്യയേയും വരൻ ശ്രേയസിനെയും അനുഗ്രഹിക്കുക മാത്രമല്ല ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരോടെല്ലാം കൈ വീശി കാണിക്കുകയും ചെയ്തു ജഗതി. അപകടത്തിനുശേഷം ഇത്രയേറെ ആളുകൾ കൂടുന്ന വിവാഹ ചടങ്ങുകളിലൊന്നും ജഗതി ശ്രീകുമാർ ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ജഗതിക്കൊപ്പം ഭാര്യയും രണ്ട് മക്കളും അവരുടെ കുടുംബവുമുണ്ടായിരുന്നു. കുറച്ച് സമയം സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടാണ് ജഗതി ശ്രീകുമാറും കുടുംബവും മടങ്ങിയത്.
പ്രിയദർശൻ മകൾ കല്യാണി പ്രിയദർശൻ, അഹാന കൃഷ്ണയും കുടുംബവും, ശശി തരൂർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ദിലീപ്, നാദിർഷ, ജയറാം തുടങ്ങി സിനിമാ താരങ്ങളും നിരവധി സീരിയൽ മിനിസ്ക്രീൻ താരങ്ങളും തിരുവനന്തപുരത്തെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനാണ് എത്തിയത്.