കൊച്ചി: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം കേരളത്തിലെത്തിയിരുന്നു.ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹച്ചടങ്ങില്‍ വധൂവരന്മാരെ അനുഗ്രഹിച്ച് ചടങ്ങില്‍ പങ്കെടുത്ത മോഹൻലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അക്ഷതവും നല്‍കിയ ശേഷമായിരുന്നു മോദി മടങ്ങിയത്. ഇതിനിടെ കേരളത്തിലെ കരിക്കിന്റെ ആരാധകനായി മാറിയിരിക്കുകയാണ് മോദി.
ഇത്ര രുചിയുള്ള കരിക്കിൻ വെള്ളം മറ്റെവിടെനിന്നും കുടിച്ചിട്ടില്ലെന്നാണ് മോദി അഭിപ്രായപ്പെട്ടത്. കേരളത്തിലെ നാടൻ കരിക്കിന്റെ മധുരം മനംകവർന്നുവെന്ന് എറണാകുളം ഗസ്റ്റ് ഹൗസ് ജീവനക്കാരോട് അദ്ദേഹം പറഞ്ഞു. കൂടാതെ കൊച്ചിയില്‍ നിന്ന് മടങ്ങിയപ്പോള്‍ 20 നാടൻ കരിക്കുകള്‍ ഡല്‍ഹിക്ക് കൊണ്ടുപോവുകയും ചെയ്തു.
കൊച്ചിയിലെ റോഡ് ഷോ കഴിഞ്ഞ് ഗൗസ്റ്റ് ഹൗസിലെത്തിയ മോദിക്ക് കരിക്കിൻ വെള്ളമായിരുന്നു വെല്‍ക്കം ഡ്രിങ്കായി നല്‍കിയത്. രാജ്യത്തുടനീളം സഞ്ചരിക്കുമ്ബോള്‍ കരിക്ക് കുടിക്കാറുണ്ടെങ്കിലും കേരളത്തിലെ കരിക്കിന്റെ രുചി കൂടുതല്‍ ഇഷ്ടപ്പെട്ടുവെന്നും മടങ്ങുമ്ബോള്‍ കൊണ്ടുപോകാൻ കരിക്ക് വേണമെന്നും എസ് പി ജി ഉദ്യോഗസ്ഥർ മുഖേനെയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പിന്നാലെ പൊലീസ് പുലർച്ചെ മറൈൻ ഡ്രൈവിലെ കടതുറപ്പിച്ച് 20 നാടൻ കരിക്കുകള്‍ മോദിയുടെ ഗസ്റ്റ് ഹൗസിലെത്തിച്ചു. ചെത്താതെ കുലയായിത്തന്നെയായിരുന്നു കരിക്ക് ഡല്‍ഹിക്ക് കൊണ്ടുപോയത്.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കുള്ള വ്രതത്തിലായതിനാല്‍ ഇളനീരും പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും മാത്രമായിരുന്നു കേരളസന്ദർശനത്തിനിടെ പ്രധാനമന്ത്രി കഴിച്ചത്. ഗസ്റ്റ് ഹൗസിലെ റൂമില്‍ നിലത്ത് യോഗമാറ്റും പുതപ്പും വിരിച്ചായിരുന്നു ഉറക്കം.