ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ 2023 വർഷത്തെ രണ്ടാം ഘട്ട വിതരണം ജനുവരി 21 ഞായറാഴ്ച നടക്കും. ചടങ്ങിൽ നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും നടക്കും.
ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
ക്ഷേത്രങ്ങൾക്കുള്ള ധനസഹായവും അദ്ദേഹം വിതരണം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനാകും. എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി സ്വാഗതം ആശംസിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ റിപ്പോർട്ട് അവതരിപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദരാജ, ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സി. മനോജ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തും
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക് 3,44,49,000/- രൂപായുടെ ധന സഹായമാണ് ചടങ്ങിൽ നൽകുക.
ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്ര ധനസഹായ വിതരണത്തിൻ്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം ഡിസംബർ 30 ന് നടന്നിരുന്നു. തെക്കൻ മേഖലയിലെ 252 ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ 1.40 കോടി രൂപയുടെ ധനസഹായം 2023 ഡിസംമ്പർ 30 ന് കോട്ടയം രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ വിതരണം ചെയ്തിരുന്നു. 5 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് ജീർണ്ണോദ്ധാരണത്തിനായും വേദപാഠശാലകളുടെ പരിപാലനത്തിനുമായി ഈ വർഷവും ദേവസ്വം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.