ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ വാര്‍ഡ് 18ല്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന അനക്സ് എന്ന സ്വകാര്യ ലോഡ്ജിലെ അജൈവ മാലിന്യങ്ങള്‍ ലോഡ്ജ് പരിസരത്ത് കത്തിച്ചതിനെ തുടര്‍ന്ന് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലേക്ക് തീ ആളി പടര്‍ന്നത് വന്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസിന്‍റെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ഫോഴ്സ്, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവരുടെ അവസരോചിതമായ ഇടപെടലാണ് തീ സമീപത്തുളള 2 ജനറേറ്ററുകളിലേക്ക് പടരുന്നത് തടഞ്ഞതും തന്മൂലം ഉണ്ടായേക്കാവുന്ന വന്‍ ദുരന്തം ഒഴിവായതും. മാര്‍ച്ച് 7 ന് വൈകുന്നേരം 6 മണിയോടെയാണ് ഗുരുവായൂര്‍ മല്ലിശ്ശേരി പറമ്പ് പ്രണവം വീട്ടില്‍ രാമചന്ദ്രന്‍ മകന്‍ കെ ആര്‍ കൃഷ്ണദാസ് എന്നയാളുടെ ഉടമസ്ഥതയിലുളള അര്‍ച്ചന അനക്സ് എന്ന ലോഡ്ജില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുളള അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത്.
തീ പടര്‍ന്നതിന്‍റെ ഫലമായി കുടുംബശ്രീ ജനകീയ ഹോട്ടലിലെ 2000 ലിറ്റര്‍ കപ്പാസിറ്റിയുളള ഫൈബര്‍ വാട്ടര്‍ ടാങ്ക്, 1 M 3 ന്‍റെ പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്‍റ്, 200 നാളികേരങ്ങള്‍ എന്നിവ ഉള്‍പ്പടെ ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കി വരുന്ന ജനകീയ ഹോട്ടലിന്‍റെ പ്രവര്‍ത്തനം രണ്ട് ദിവസമായി തടസ്സപ്പെട്ടിട്ടുളളതുമാണ്. നിലവിലുളള നിയമവ്യവസ്ഥകള്‍ക്ക് എതിരായതും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതുമായ പ്രവര്‍ത്തി നടത്തിയ ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനും കൂടാതെ പിഴ, ലൈസന്‍സ് റദ്ദ് ചെയ്യല്‍ തുടങ്ങിയ നിയമാനുസൃതമായ നടപടികളെല്ലാം സ്വീകരിക്കുന്നതാണ്. വേനല്‍ കടുത്തുവരുന്ന സാഹചര്യത്തില്‍ ആരും തന്നെ പാഴ്വസ്തുക്കള്‍ കത്തിക്കുവാന്‍ പാടില്ലാത്തതും അജൈവ പാഴ്വസ്തുക്കള്‍ കൃത്യമായി തരംതിരിച്ച് നഗരസഭയുടെ ഹരിതകര്‍മ്മസേനക്ക് മാത്രം നിശ്ചിത യൂസര്‍ഫീ നല്‍കി കൈമാറേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍ അറിയിച്ചു.