ഗുരുവായൂർ: ഗുരുവായൂർ ഉൽസവം ആറാം വിളക്ക് ദിവസം രാവിലെ ശീവേലി വടക്കേ നടയിലെത്തിയപ്പോൾ വാദ്യക്കാരുടെ മികവ് പ്രകടമാക്കിയ ‘വക കൊട്ടൽ’ചടങ്ങ് നടന്നു.
വാദ്യകലാകാരൻമാരെ ദേവസ്വം ആദരിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ ആർ ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.
തുടർന്നുള്ള ദിവസങ്ങളിൽ ശ്രീ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളും. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്കു കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമെഴുന്നളളിക്കും. മുരളീകൃഷ്ണരൂപവും 191 സ്വർണപൂക്കളും മരതകപ്പച്ചയും വീരശൃംഖലയും ചാർത്തിയ സ്വർണ്ണക്കോലം ഉൽസവം, ഏകാദശി ,അഷ്ടമിരോഹിണി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ മാത്രമാണ് എഴുന്നള്ളിക്കാറ്.