ഗുരുവായൂര്‍: നാളെ പ്രധാനമന്ത്രി മോദി ദര്‍ശനത്തിനെത്തുമ്ബോള്‍ ക്ഷേത്രത്തിനകത്തും കര്‍ശന നിയന്ത്രണങ്ങള്‍. ഡ്യൂട്ടിയിലുള്ള അവശ്യം വേണ്ട ജീവനക്കാര്‍, ചുമതലകളുള്ള പാരമ്ബര്യ പ്രവൃത്തിക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം.
ഇവരുടെ പട്ടിക തയാറാക്കി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതനുസരിച്ച് ക്ഷേത്രം തന്ത്രി, മേൽശാന്തി, ക്ഷേത്രം ഡിഎ, രണ്ട് ഓതിക്കന്മാർ, ഒരു കീഴ്‌ശാന്തി, ഒരു കഴകം, ഒരു വാ ര്യർ,ക്ഷേത്രം മാനേജർ, ഒരു ക്ലാർക്ക്, രണ്ട് സെക്യൂരിറ്റി ഓഫീസർമാർ, രണ്ടു തുലാ ഭാരം ജീവനക്കാർ അടക്കം 15 ൽ താഴെ പേരാണു പ്രവൃത്തിക്കായി ഉണ്ടാവുക.
ദേവസ്വം ഭരണസമിതി അംഗങ്ങൾക്കു ക്ഷേത്രത്തിനുള്ളിൽ കൊടിമരത്തിനു സമീപം നിൽക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അടുത്ത് നിൽക്കുന്നവർക്ക് ആർടിപിസിആർ പരിശോധിച്ച ശേഷമുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാണ്, രാവിലെ ക്ഷേത്രത്തിലെത്തിയാൽ 20 മിനിറ്റ് നേരമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിക്കുന്നത്. പിന്നീട് ശ്രീവത്സത്തിലെത്തിയശേഷം വസ്ത്രം മാറി 8.45 ന് വിവാഹമണ്ഡപത്തിലെത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊലീസ് ഗുരുവായൂരിലെത്താൻ തുടങ്ങിയതോടെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പൊലീസ് വാഹനങ്ങള്‍ നിറഞ്ഞു.ഇന്നര്‍ റിങ് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് ഗതാഗത ക്രമീകരണം ഉണ്ടായിരുന്നു. പരിശോധനകള്‍ക്കായി ഡോഗ് സ്ക്വാഡിലെ കൂടുതല്‍ നായ്ക്കളെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്. 4000 പൊലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിക്കുന്നത്. 7.20 ന് ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി 7.30 ന് ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ എത്തും. 7.45 ന് ക്ഷേത്ര ദര്‍ശനം. ദര്‍ശനത്തിന് ശേഷം ശ്രീവത്സത്തിലേക്ക് മടങ്ങും.