the digital signature of the temple city

സാഹിത്യകാരി കെ ബി ശ്രീദേവി അന്തരിച്ചു

- Advertisement -[the_ad id="14637"]

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

പതിമൂന്നാം വയസ്സിൽ ഒരു പക്ഷിയുടെ മരണത്തെപ്പറ്റിയെഴുതിയ ‘യുഗാന്തരങ്ങളിലൂടെ’ എന്ന കഥയിലൂടെ സാഹിത്യരംഗത്തെത്തിയ കെ ബി ശ്രീദേവി സാഹിത്യത്തിലെ സൗമ്യസാന്നിധ്യമായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനായി 1960-ൽ മഹിളാസമാജവും ബാലസമാജവുമൊക്കെ സ്ഥാപിച്ച് സാമൂഹ്യപ്രവർത്തനത്തിലും സജീവമായിരുന്നു. എഴുത്തിലെ സൗമ്യമായ സാന്നിധ്യം പോലെ തന്നെയായിരുന്നു ജീവിതത്തിലും കെ ബി ശ്രീദേവി. സാധാരണക്കാരുടെ ജീവിതങ്ങളും സ്വസമുദായത്തിലെ അനുഭവങ്ങളും ഹൃദയം തൊടുന്ന ഭാഷയിൽ അവതരിപ്പിച്ച എഴുത്തുകാരിയായിരുന്നു അവർ.

മലപ്പുറത്ത് വാണിയമ്പലത്ത് വെള്ളക്കാട്ടു മനയിൽ വേദപണ്ഡിതനായ വി എം സി നാരായണൻ ഭട്ടതിരിപ്പാടിന്റേയും തൃശൂർ കിഴക്കുമ്പാട്ടുകരയിലെ കുടമാളൂർ മനയിൽ ഗൗരി അന്തർജനത്തിന്റെയും മകളായി 1940ൽ ജനിച്ച ശ്രീദേവി ബാല്യകാലത്തു തന്നെ കഥകളെഴുതിത്തുടങ്ങിയിരുന്നു. ഒപ്പം നരവത്ത് ദേവകിയമ്മയുടെ കീഴിൽ വീണയും അഭ്യസിച്ചു. പതിമൂന്നാം വയസ്സിലെഴുതിയ ‘യുഗാന്തരങ്ങളിലൂടെ’ ആയിരുന്നു ആദ്യ കഥ. പതിനാറാം വയസ്സിൽ ബന്ധുവായ കെ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടിനെ വിവാഹം ചെയ്തശേഷം അദ്ദേഹത്തിന്റെ പ്രോത്സാഹനം മൂലം എഴുത്തിൽ കൂടുതൽ സജീവമായി. സംസ്‌കൃതപണ്ഡിതനായിരുന്ന പി എസ് സുബരാമപട്ടരാണ് ശ്രീദേവിയിലെ കഥാകാരിയെ രൂപഭദ്രതയുള്ള എഴുത്തുകാരിയാക്കി മാറ്റിയത്.

ആരേയും പ്രീതിപ്പെടുത്താനല്ല താനെഴുതിയതെന്നും തന്റെ കൃതികൾ വായിച്ച് തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരോടായിരുന്നു എക്കാലത്തും തന്റെ പ്രതിബദ്ധതയെന്നും ശ്രീദേവി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

നമ്പൂതിരി സമുദായത്തിലെ ഭ്രഷ്ടും ചെറുപ്രായത്തിലെ വൈധവ്യവുമെല്ലാം പശ്ചാത്തലമാക്കിയ യജ്ഞം, അഗ്നിഹോത്രം, മൂന്നാം തലമുറ, ദാശരഥം, ചാണക്കല്ല്, ചിരഞ്ജീവി തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും പ്രബന്ധങ്ങളും കൂറുരമ്മ എന്ന നാടകവും പിന്നെയും പാടുന്ന കിളി എന്ന ബാലസാഹിത്യകൃതിയും ശ്രീദേവിയുടേതായിട്ടുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തിനായി 1960-ൽ മഹിളാസമാജം സ്ഥാപിച്ച അവർ സ്ത്രീകളെ സാക്ഷരരാക്കാനും അവർക്കായി ചർക്ക ക്ലാസുകൾ നടത്താനുമൊക്കെ തുടങ്ങി. കുട്ടികൾക്കായി അവർ സ്ഥാപിച്ച ബാലസമാജത്തിന് വി ടി ഭട്ടതിരിപ്പാടിനെപ്പോലുള്ള സാമൂഹിക പരിഷ്‌കർത്താക്കൾ വലിയ പിന്തുണയാണ് നൽകിയത്.

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി പുരസ്‌കാരവും 1974ലെ കുങ്കുമം അവാർഡും 1975-ൽ നിറമാല എന്ന സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിടി പുരസ്‌കാരവും കുങ്കുമം അവാർഡുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഉണ്ണി, നാരായണൻ, ലത എന്നിവരാണ് മക്കൾ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts