എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കുന്നത് 4,006 കോടി രൂപയുടെ മൂന്ന് സുപ്രധാന പദ്ധതികള്‍. കൊച്ചിന് ഷിപ്പ് യാര്‍ഡിലെ ഡ്രൈ ഡോക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇറക്കുമതി ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാളെ രാജ്യത്തിനായി സര്‍പ്പിക്കുക.
ഷിപ്പ് യാര്‍ഡിലെ 15 ഏക്കര്‍ സ്ഥലത്ത് 1800 കോടി രൂപ ചിലവിലാണ് ഡ്രൈ ഡോക് നിര്‍മ്മിച്ചിരിക്കുന്നത്. 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുള്ള ഡ്രൈ ഡോക് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ കേന്ദ്രമാണ്. കൂറ്റന്‍ വിമാനവാഹിനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ നിര്‍മ്മിക്കാനാകും.
6,000 ടണ്‍ ഭാരമുയര്ത്താനാകുന്ന ഷിപ്പ് ലിഫ്റ്റ് ഉള്‍പ്പെടെയുള്ള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം ഷിപ്പ് യാര്‍ഡിന് വന്‍ കുതിപ്പ് നല്‍കും. 1400 മീറ്റര്‍ നീളമുള്ള ബെര്‍ത്താണ് ഇവിടെയുള്ളത്. ഏകദേശം 150 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകള്‍ക്ക് ഇവിടെ ഒരേ സമയം അറ്റകുറ്റപ്പണി നടത്താനാകും.
കേരളത്തിലെ ആദ്യ എല്‍പിജി ഇറക്കുമതി ടെര്‍മിനലാണ് പുതുവൈപ്പിനിലേത്. 1,236 കോടി രൂപ ചെലവിട്ടാണ് എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൈപ്പ് ലൈന്‍ വഴി എല്‍പിജി വാതകം തമിഴ്നാട്ടിലേക്കും വിതരണം ചെയ്യും.