ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ നാലു വര്‍ഷത്തോളമായി അജൈവ മാലിന്യ സംസ്ക്കരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായി ഹരിതകര്‍മ്മസേന സംഗമം സംഘടിപ്പിച്ചു.
മാര്‍ച്ച് 6 ന് കാലത്ത് നഗരസഭ ടൗണ്‍ഹാളില്‍ ആരംഭിച്ച സംഗമം നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എസ് മനോജ് സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, കൗണ്‍സിലര്‍ കെ പി ഉദയന്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഷജില്‍കുമാര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചും സംസാരിച്ചു.
ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ലത സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടയേര്‍ഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ആര്‍ സ്റ്റാന്‍ലി അംഗങ്ങള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസ്സെടുത്തു. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനെകുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍, വരുമാന വര്‍ദ്ധനവിനുളള ഇതരമാര്‍ഗ്ഗങ്ങള്‍ എന്നിവയെകുറിച്ചും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, നഗരസഭ സെക്രട്ടറി, നഗരസഭ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, ഐ ആര്‍ ടി സി പ്രതിനിധി, കുടുംബശ്രീ പ്രതിനിധികള്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഇന്‍ററാക്ടീവ് സെഷനില്‍ വിശദമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് എല്ലാ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ചെയര്‍മാന്‍ മൊമന്‍റോ നല്‍കി ആദരിച്ചു.
ഹരിതകര്‍മ്മസേനാംഗങ്ങള്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും ഉണ്ടായിരുന്നു. ഹരിതകര്‍മ്മസേന പ്രസിഡന്‍റ് റീന സുഭാഷ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.