പയ്യന്നൂർ: ഗുരുവായൂർ കിഴക്കേ നടയിലെ മഞ്ജുളാലിനു ചുവട്ടിൽ സ്ഥാപിക്കാൻ നിർമിക്കുന്ന ഗരുഡ ശിൽപം കാണാൻ ക്ഷേത്രം തന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും ഉൾപ്പെട്ട സംഘം ശിൽപി ഉണ്ണി കാനായിയുടെ വീട്ടു മുറ്റത്തെ പണിപ്പുരയിൽ എത്തി.
ഒട്ടേറെ ഐതിഹ്യ പെരുമയുള്ള മഞ്ജുള ആലിന്റെ ശിൽപവും മറ്റും പുതുക്കി പണിയുന്നുണ്ട്. ഗരുഡ ശിൽപവും മഞ്ജുളയുടെ ശിൽപവും നിർമിക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് ശിൽപി ഉണ്ണി കാനായിയെയാണ് ഏൽപിച്ചിട്ടുള്ളത്.
വെങ്കലത്തിൽ ഒരുങ്ങുന്ന ഗരുഡ ശിൽപത്തിൻ്റെ ആദ്യ കളിമണ്ണ് രൂപം പൂർത്തിയായി. ഇതു വിലയിരുത്താനാണ് തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ എത്തിയത്. ഇവർക്കൊപ്പം ദേവസ്വം ബോർഡ് അംഗങ്ങളായ കെ ആർ ഗോപിനാഥൻ, സി മനോജ്, എക്സിക്യൂട്ടീവ് എൻജിനീയർ, എം കെ അശോകൻ, സ്പോൺസർ വേണു കുന്നപ്പിള്ളി, ഉണ്ണി പാവറട്ടി, മൊട്ടമ്മൽ രാജൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
8 അടി ഉയരമുള്ള ഗരുഡ ശിൽപത്തിന്. 6 അടി വീതിയാണ്. 4 മാസം സമയമെടുത്ത് പൂർത്തിയാക്കിയ കളിമണ്ണ് ഗരുഡ ശിൽപം 3 മാസം കൊണ്ട് വെങ്കലത്തിൽ പൂർത്തിയാകും. കേരളത്തിലെ ഏറ്റവും വലിയ വെങ്കല ഗരുഡ ശിൽപമായിരിക്കും മഞ്ജുളാൽ ശിൽപമെന്ന് ശിൽപി ഉണ്ണി കാനായി പറഞ്ഞു. പഴയ ഗരുഡ ശിൽപത്തിന്റെ അതേ അളവിൽ തന്നെയാണ് പുതിയ ശിൽപവും ഒരുക്കുന്നത് ഗരുഡ ശിൽപത്തിന് സമീപം പൂമാല എടുത്തു നിൽക്കുന്ന കുട്ടിയായ മഞ്ജുളയുടെ ശിൽപവും ഒരുങ്ങുന്നുണ്ട്.