ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ നിർമാണം പൂർത്തിയാകുന്ന സർക്കാർ അതിഥി മന്ദിരം പ്രതിസന്ധികൾ മാറ്റി ഉടൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി എ. മുഹമ്മദ് റിയാസ് അറിയിച്ചു.
അതിഥിമന്ദിരം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. ഫർണിച്ചർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇതിന് ധനകാര്യ വകുപ്പിൽ നിന്ന് കുറച്ച് ഫണ്ട് കൂടി ലഭിക്കാനുണ്ട്. തിരുവനന്തപുരത്ത് എത്തിയാലുടൻ ഫർണിച്ചർ സ്ഥാപിക്കുന്നതിനുള്ള തടസങ്ങൾ നീക്കും. പ്രധാന തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ ഇത്തരമൊരു ഗസ്റ്റ് ഹൗസ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 60 മുറികൾ, കോൺഫറൻസ് ഹാൾ, റസ്റ്റോറന്റ്റ് എന്നിവയുള്ള അതിഥി മന്ദിരം 25 കോടിയോളം ചെലവിട്ടാണ് പൂർത്തിയാക്കുന്നത്. എൻ കെ അക്ബർ എം എൽ എ, നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.