ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് ഭഗവതിക്കാവിൽ 52 ദിവസത്തെ കളംപാട്ട് ഞായറാഴ്ച തുടങ്ങി. ഭക്തരുടെയും സംഘടനകളുടെയും വകയാണ് ഓരോ ദിവസത്തെയും ഭഗവതിപ്പാട്ട്. ഫെബ്രുവരി ആറിന് ദേവസ്വം വക താലപ്പൊലിയോടെ കളംപാട്ട് സമാപിക്കും. കാവിലമ്മ 52 ദിവസവും ക്ഷേത്രം വിട്ട് പുറത്തേക്ക് എഴുന്നള്ളും.
ഗുരുവായൂരപ്പൻ്റെ അത്താഴപ്പൂജ കഴിഞ്ഞ് ശ്രീലകം അടച്ചാൽ പാട്ടിൻ്റെ ചടങ്ങ് തുടങ്ങും. പഞ്ചവർണപ്പൊടി കളാൽ ഭദ്രകാളിയുടെ കളം ഇതിനകം രൂപമെടുക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പ് തുടങ്ങും. ആനപ്പുറത്ത് തിരുവുടയാടയിൽ ഭഗവതിത്തിടമ്പ് എഴുന്നള്ളിച്ച് ക്ഷേത്ര ഗോപുരത്തിനു പുറത്ത് കടക്കും. ദീപ സ്തംഭത്തെ വലംവെച്ച് ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തും. തിടമ്പ് ഇറക്കി കളത്തിൽ പ്രതിഷ്ഠിക്കും. കളം പൂജയ്ക്കു ശേഷം നന്തുണിയിൽ ഭഗവതിയെ സ്തുതിക്കും. അഗ്നിയാരാധന കഴിഞ്ഞാൽ കളം മായ്ക്കും. കളംവരച്ച പഞ്ചവർണപ്പൊടി ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ആറ്റൂർ കൃഷ്ണദാസ് കൂറുപ്പാണ് മുഖ്യകാർമികൻ. ഭഗവതിക്ക് നാട്ടുകാരുടെ വക പിള്ളേര് താലപ്പൊലി ജനുവരി ആറിന് നടക്കും. അന്ന് ആയിരം പറ ദ്രവ്യങ്ങൾ കാവിലമ്മയ്ക്ക് ഭക്തർ സമർപ്പിക്കും.