ഗുരുവായൂർ: ശ്രീശങ്കരാചാര്യർക്കു ശേഷം കേരളം കണ്ട മഹാ പ്രതിഭാശാലിയാണ് മേൽപുത്തൂർ നാരായണ ഭട്ടതിരിയെന്ന് പ്രൊഫ. പി സി മുരളീമാധവൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര പാണ്ഡിത്യത്തിൻ്റെ സൂര്യതേജസുംകാവ്യ ചാരുതയുടെ ചാന്ദ്രപ്രഭയും സമജ്ഞസമായി മേൽപുത്തൂരിൽ സമ്മേളിച്ചിരിക്കുന്നു. കാവ്യം രചിക്കാൻ ബുദ്ധി വികാസത്തിൻ്റെ വ്യത്യസ്ത മാനം വേണം. അതാണ് പ്രതിഭ. എന്നാൽ ശാസ്ത്രം ഉണ്ടാകുന്നത് ബുദ്ധിശാലിയിൽ നിന്നാണ്. വാഗ്ദേവതയുടെ ഈ രണ്ട് സഞ്ചാരപഥങ്ങളും ഒരുപോലെ മേൽപുത്തൂരിന് ഹൃദ്വിസ്ഥമാണ് – പി സി മുരളീ മാധവൻ വ്യക്തമാക്കി.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായിരുന്നു. നാരായണീയം ഏവരുടെയും പുണ്യ ഗ്രന്ഥമാണെന്ന് അദേഹം പറഞ്ഞു. നാരായണീയത്തിൽ നിറഞ്ഞ് നിൽക്കുന്നത് ഭക്തി ഭാവമാണ്..ലോകത്തിൻ്റെ എല്ലാ പീഢകളും അവസാനിപ്പിക്കാനാണ് നാരായണീയത്തിലെ കവി പ്രാർത്ഥന. നാരായണീയ അർച്ചന കൊണ്ട് അനേകർക്ക് രോഗ നിവാരണം ഉണ്ടായ കാര്യവും സ്മരണീയമാണ്- അദ്ദേഹം പറഞ്ഞു.
നാരായണീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രബന്ധ രചന, നാരായണീയം ദശക പാഠമൽസര വിജയികൾക്ക് ചടങ്ങിൽ പാരിതോഷികങ്ങൾ നൽകി.
ചടങ്ങിന് ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതവും പബ്ളിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.