കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ഭക്ഷണം വെജിറ്റേറിയൻ ആയി തുടരും. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. ഇതിനുള്ള ടെൻഡർ ഇതിനുള്ള ടെൻഡർ തുടർച്ചയായ 17ാം തവണയും അദ്ദേഹത്തിന് തന്നെ ലഭിച്ചു.
കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണു കലോത്സവം നടക്കുന്നത്. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസം വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം നമ്പൂതിരിയും പ്രഖ്യാപിച്ചിരുന്നു.
ദിവസവും 40000 മുതൽ 50000 പേർക്ക് ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവു കുത്തനെ കൂടുമെന്നതും മറ്റു പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തിയാണ് ‘വെജിറ്റേറിയൻ’ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്കൂൾ കായിക മേളയിൽ ഭക്ഷണ മെനുവിൽ ബീഫും ചിക്കനും ഉൾപ്പെടെയുള്ള മാംസ വിഭവങ്ങൾ വിളമ്പുന്നുണ്ട്.
കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല. സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതു കൊണ്ടുമാണ് ടെൻഡറിൽ പങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു. എല്ലാ സ്കൂൾ മേളകൾക്കും ഭക്ഷണമൊരുക്കിയിരുന്ന അദ്ദേഹം ഇത്തവണ മറ്റു മേളകളുടെ ടെൻഡറിൽ പങ്കെടുത്തിരുന്നില്ല.