ഗുരുവായൂർ : ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന തിരുവാതിര മഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും.
പാർവതി ദേവിക്ക് ചാർത്താനുള്ള പട്ടും താലിയും തിരുവാഭരണങ്ങളും ക്ഷേത്രം ഊരാളന്റെ ഇല്ലത്ത് നിന്ന് എഴുന്നള്ളിച്ച് ശനിയാഴ്ച രാവിലെ ഏഴിന് ചൊവ്വല്ലൂർ തിരുവമ്പാടി ക്ഷേത്രത്തിലെത്തും. തുടർന്ന് നാമജപത്തിന്റെയും മംഗള വാദ്യത്തിന്റെയും അകമ്പടിയോടെ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്ത് പട്ടും താലിയും പാർവതി ദേവിയുടെ തിരുനടയിൽ സമർപ്പിക്കും.
തുടർന്ന് തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി പട്ടും താലിയും ചാർത്തൽ ചടങ്ങിന് തുടക്കം കുറിക്കും. 12 ദിവസവും ഭക്തർക്ക് വഴിപാടായി പട്ടും താലിയും ചാർത്താം. ഉമാമഹേശ്വരൻമാർക്ക് മംഗല്യപൂജയും നടത്താം. ദിവസവും വിശേഷാൽ അഭിഷേകം, അർച്ചന, വേദജപം, വേളി ഓത്ത്, പുരാണ പാരായണം, ബ്രാഹ്മിണി പാട്ട്, നിറമാല, ചുറ്റുവിളക്ക്, കൈകൊട്ടിക്കളി, നൃത്തം, വാദ്യവിശേഷങ്ങൾ, പ്രഭാഷണം, നാല്നേരം അന്നദാനം എന്നിവയുണ്ടാകും. തിരുവാതിര ദിവസമായ 27 ന് സമാപിക്കും.
തിരുവാതിര ദിവസം മംഗളാതിര, പാതിരാ പൂ ചൂടൽ, തിരുവാതിരക്കളി, ഘോഷയാത്ര എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ, ഭാരവാഹികളായ സജീഷ് കുന്നത്തുള്ളി, കെ.ഉണ്ണികൃഷ്ണൻ, ഇ. പ്രഭാകരൻ നായർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.