നാരായണീയ ദിനാഘോഷം ഡിസം.14 ന്
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരായണീയ സപ്താഹം തുടങ്ങി. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് സപ്താഹത്തിന് തുടക്കമായത്. തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് ആചാര്യൻമാർ. ദിവസവും രാവിലെ ഏഴിന് സപ്താഹം തുടങ്ങും. ഡിസംബർ 13നാണ് സമാപനം. നാരായണീയ ദിനമായ ഡിസംബർ 14 ന് രാവിലെ 5 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലും രാവിലെ 7 മണി മുതൽ മേൽപ്പത്തൂർ ആഡിറ്റോറിയത്തിലും സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന പാരായണത്തിന് ഡോ.വി.അച്യുതൻകുട്ടി നേതൃത്വം നൽകും. ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിൻ്റെ ആഭിമുഖ്യത്തിലാണ് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ സമ്പൂർണ്ണ പരായണം . ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനായ മേൽപത്തൂർ നാരായണ ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ശ്രീഗുരുവായൂരപ്പന് സമർപ്പിച്ച വൃശ്ചികം, ഇരുപത്തിയെട്ടാം തീയതിയാണ് ദേവസ്വം നാരായണീയ ദിനമായി ആഘോഷിക്കുന്നത്.