ഗുരുവായൂർ: അലങ്കാര ദീപങ്ങളുടേയും കമാനങ്ങളുടേയും ചാരുതയിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന നവ കേരള സദസ്സിന് ഞായറാഴ്ച രാത്രിയോടെ തന്നെ തീരദേശ പട്ടണമായ ചാവക്കാട് അണിഞൊരുങ്ങി.
സംസ്ഥാന മന്ത്രിസഭയൊന്നാകെ തിങ്കളാഴ്ച വൈകീട്ട് എത്തുന്ന ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിലേക്ക് ആയിരങ്ങളാണ് അവരെ കാണാനും നാടിന്റെ സ്പന്ദനം തൊട്ടറിയാനുമായി എത്തുകയെന്ന് സംഘാടകർ പറഞ്ഞു.
വൈകീട്ട് ആറിന് തിങ്കളാഴ്ചയിലെ സമാപന സദസ്സാണ് ചാവക്കാട്ടേത്. രാവിലെ രാവിലെ 10 മുതൽ 5 .30 വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ തയ്യാറാക്കിയ 20 കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും നൽകാം.സ്ത്രീകൾ , മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കാണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതുയോഗത്തിനു ശേഷവും പരാതികളും അപേക്ഷകളും സ്വീകരിക്കും. വൈകീട്ട് 4 മുതൽ പഞ്ചവാദ്യം, മാപ്പിളപ്പാട്ട്, എന്നീ കലാപരിപാടികളും പൊതുയോഗത്തിനുശേഷം രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷനും ഉണ്ടായിരിക്കും.