ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനെ കണ്ട് ദർശന സൗഭാഗ്യം നേടിയതിൻ്റെ നിറവിൽ ആയിരങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. നാവിലും മനസിലും നാമജപങ്ങളുമായി ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ ഭക്തർ പുലർച്ചെ കുളിച്ചു ശുദ്ധിയായാണ് കൂത്തമ്പലത്തിൽ അഗ്നി ഹോത്രികൾക്ക് മുമ്പിൽ ദ്വാദശി പണം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ദേവസ്വം ഭരണസമിതി അംഗങ്ങളും ആദ്യം ദ്വാദശി പണ സമർപ്പണം നിർവ്വഹിച്ചു.
ദ്വാദശി പണമായി ആകെ 1159008 രൂപ ലഭിച്ചു. ദ്വാദശിപ്പണം നാലായി ഭാഗിച്ച് മൂന്ന് ഭാഗം അഗ്നിഹോത്രി ഗ്രാമങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾക്കും ഒരു വിഹിതം ദേവസ്വത്തിനും നൽകി. 289752 രൂപയാണ് ദേവസ്വം വിഹിതം.
ദ്വാദശിപ്പണ സമർപ്പണ ചടങ്ങിൽ ശുകപുരം, പെരുമനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രി പ്രതിനിധികൾ സന്നിഹിതരായി.
ശുകപുരം ഗ്രാമത്തിൽ നിന്നും ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപ്പു ത്തിലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട് എന്നിവരും പെരുമനം ഗ്രാമത്തിൽ നിന്നും ആരൂര് വാസുദേവൻ അടിതിരിപ്പാട് എന്നിവരും ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്നും നടുവിൻ പഴേയടത്ത് നീലകണ്ഠൻ അടിതിരിപ്പാട് എന്നവരും സഹായികളും ഉൾപ്പെടെ 24 പേർ പങ്കെടുത്തു. പെരുവനം ഗ്രാമത്തിൽ നിന്നും
പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജിപ്പാട് പങ്കെടുത്തിരുന്നില്ല.
വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ക്ഷേത്രനട തുറന്നതോടെ പതിവ് ദർശനം തുടർന്നു. ശനിയാഴ്ചയാണ് ത്രയോദശി. ത്രയോദശി ചടങ്ങുകളോടെ ഏകാദശി ഉൽസവത്തിന് പരിസമാപ്തിയാകും