ഗുരുവായൂർ: ഏകാദശി നിറവിൽ കണ്ണനെ കാണാൻ ഇന്നലെ രാത്രി മുതൽ ഗുരുവായൂരിലേക്ക് ഭക്തരുടെ പ്രവാഹമായിരുന്നു. ഇടതടവില്ലാതെ. ഒരേ ലക്ഷ്യം. ഒരൊറ്റ മനസ്സ്. കണ്ണനെ കാണണം. മനം നിറയണം. ആ ദിവ്യദർശന സൗഭാഗ്യം ജീവിതത്തിന് തെളിച്ചമാകണം. പതിനായിരങ്ങളാണ് ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടിയത്. ദശമി ദിനമായ ബുധനാഴ്ച നിർമ്മാല്യ ദർശനത്തോടെ തുറന്ന ക്ഷേത്രനട കണ്ണൻ്റെ ഭക്തർക്കായി ഇപ്പോഴും തുറന്നു തന്നെ. വി.ഐ.പി ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ദേവസ്വവും ഭക്തർക്ക് തുണയായി. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മാത്രമേ നട അടയ്ക്കു
രാവിലെ കാഴ്ചശീവേലിക്കു ശേഷം ശ്രീ ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
പഞ്ചവാദ്യം അകമ്പടിയായി. തിമിലയിൽ പല്ലശ്ശന മുരളീ മാരാർ, മദ്ദളം – കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക – കടവല്ലൂർ മോഹനൻ മാരാർ, കൊമ്പ്-മച്ചാട് ഉണ്ണി നായർ, താളം-ഗുരുവായൂർ ഷൺമുഖൻ എന്നിവർ പഞ്ചവാദ്യത്തിന് കൊഴുപ്പേകി.
ഏകാദശി ദിവസമായ വ്യാഴാഴ്ച രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ നാൽപതിനായിരത്തിലേറെ പേർ പങ്കെടുത്തു.