ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒറ്റകൊമ്പന്‍ ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ ഒ.എ രതീഷ് 34 ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2. 30 നാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇരുപത്തിയെട്ടു വർഷത്തിനു ശേഷമാണ്, അഴകും പ്രൗഢിയും വീണ്ടെടുത്ത് ദേവസ്വം കൊമ്പൻ ചന്ദ്രശേഖരൻ കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരപ്പ ദർശനത്തിനെത്തിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടാം പാപ്പാൻ രതീഷ് കൊമ്പന്റെ അടിയേറ്റു മരിച്ചത് ക്ഷേത്രനഗരിക്കാകെ നടുക്കമായി.
ബുധനാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെ വെള്ളം കൊടുക്കാൻ പോയപ്പോഴായിരുന്നു രതീഷിന് ആനയുടെ അടിയേറ്റത്. തുമ്പിക്കൈ കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം അറിയാം.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് കണ്ണനെ കാണാൻ ചന്ദ്രശേഖരനെത്തിയിരുന്നത്. ക്ഷേത്രം കിഴക്കേ നടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി നിന്ന ചന്ദ്രശേഖരൻ ഭക്തർക്ക് ആനന്ദക്കാഴ്ചയായി. എ ആർ രതീഷിനൊപ്പം പാപ്പാൻമാരായ കെഎം ബൈജു, കെകെ ബിനീഷ് എന്നിവരുടെ പരിചരണമാണ് ആനയ്ക്ക് നവചൈതന്യമേകിയത്. ക്ഷേത്രത്തിലെത്തിയ ചന്ദ്രശേഖരന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നിവേദ്യ ചോറുരുള നൽകിയിരുന്നു. തുടർന്ന് പാപ്പാൻമാരെ അഡ്മിനിസ്ട്രേറ്റർ അനുമോദിച്ചിരുന്നു. പാലക്കാട് ജില്ലയിലെ പാശ്ശേരി സ്വദേശിയായ രതീഷിന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.