ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ 92-ാം വാര്‍ഷികം സമുചിതമായി ആചരിച്ചു. സത്യഗ്രഹ അനുസ്മരണത്തിന്‍റെ ഭാഗമായി ക്ഷേത്രപ്രവേശന സത്യഗ്രഹ മുന്നണി പോരാളികളായ മന്നത്ത് പത്മനാഭന്‍, ടി സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നീ സമരനേതാക്കളുടെ സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു. നഗരസഭ ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടിന്‍റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് കവാടങ്ങള്‍ നിര്‍മ്മിക്കുന്നത്.
നവംബര്‍ 1 ന് കാലത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പൂഷ്പാര്‍ച്ചനയോടെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മുന്‍ എം എല്‍ എ യും കേരള സംസ്ഥാന പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമായ കെ വി അബ്ദുള്‍ ഖാദര്‍ സത്യഗ്രഹ അനുസ്മരണ പ്രഭാഷണം നടത്തി.
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, കൌണ്‍സിലര്‍ കെ പി ഉദയന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല എന്നിവര്‍ സംസാരിച്ചു. ആധുനിക കേരളത്തിന്‍റെ നിര്‍മ്മിതിയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുളള ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ സമര നേതാക്കളായ എ കെ ജി, കെ കേളപ്പന്‍, എ സി രാമന്‍ തുടങ്ങിയവരുടെ പേരില്‍ ഗുരുവായൂര്‍ നഗരസഭ സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.