എറണാകുളം: കളമശേരിയില്‍ യഹോവ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്വെന്ഷന് സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. രാവിലെ 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. ഞായറാഴ്ചയായതിനാല്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുകയാണ്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള ഒന്നും ഹാളിലുണ്ടായിരുന്നില്ലെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആന്റി ടെററിസ്റ്റ് സ്ക്വാഡ് അടക്കമെത്തി പൊട്ടിത്തെറിയുടെ കാരണം പരിശോധിക്കുകയാണ്. പല സഭകളില്‍ നിന്നെത്തിയ യഹോവ സാക്ഷികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. യഹോവ സാക്ഷികളുടെ മൂന്ന്ദിന കണ്‍വെന്‍ഷന്റെ അവസാനദിവസമായിരുന്നു ഇന്ന്.