ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിവസം നടത്തുന്ന ഉദയാസ്തമയ പൂജ മാറ്റാനുള്ള ആലോചനയുടെ ഭാഗമായി ഓതിക്കന്മാർ, കീഴ്ശാന്തിക്കാർ എന്നിവരുമായി ദേവസ്വം ചർച്ച നടത്തി. തലമുറകളായി നടക്കുന്ന ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജ മാറ്റരുതെന്ന് ഓതിക്കന്മാർ അഭിപ്രായപ്പെട്ടു.
ക്ഷേത്രവുമായി ബന്ധപ്പെട്ട നാല് ഓതിക്കൻ കുടുംബങ്ങളിലെ പത്ത് ഓതിക്കന്മാർ ചർച്ചയിൽ പങ്കെടുത്തു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ എന്നിവരാണ് ചർച്ച നടത്തിയത്. പിന്നീട് കീഴ്ശാന്തിക്കാരുമായി ചർച്ച നടത്തി.
ഏകാദശി ദിവസം ഗുരുവായു .രപ്പനെ തൊഴാനുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് ഉദയാസ്തമയ പൂജ പിറ്റേദിവസത്തേക്ക് മാറ്റിയാലോ എന്ന ആലോചനയെന്ന് ദേവസ്വം ഭാരവാഹികൾ സൂചിപ്പിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ എന്നിവർ പറഞ്ഞു. 20-ന് ദേവസ്വം ഭരണ സമിതി യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും.