ഗുരുവായൂ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിനു താഴെയുളള ഭാഗം ശുചിത്വത്തിലും സുരക്ഷിതത്വത്തിലും കാത്തുസൂക്ഷിക്കുവാൻ മേഖലയിലെ ചെറുകിട കച്ചവട തൊഴിലാളി സമൂഹം സമർപ്പിച്ച അപേക്ഷകൾ സ്വീകരിക്കുകയും, അംഗീകരിക്കുകയും ചെയ്യ്ത ബഹുമാനപ്പെട്ട ഗുരുവായൂർ എം എൽ എ .എൻ കെ അക്ബർ, നഗരസഭ ചെയർമാൻ .എം കൃഷ്ണദാസ് എന്നിവരുടെ അകമഴിഞ്ഞ ഇടപെടലുകൾക്കു SEWA ഭാരവാഹികൾ കൃതജ്ഞത രേഖപ്പെടുത്തി.
മേൽപ്പാലത്തിനു താഴെയുളള ഭാഗത്തു ഓപ്പൺ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എം എൽ എ ഫണ്ട് വിനിയോഗിച്ചു തയ്യാറാക്കുമെന്ന് ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ എടുത്തു പറഞ്ഞിരുന്നു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ മുൻസിപ്പൽ എഞ്ചിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തു. മേൽപ്പാലത്തിന് അടിവശം ടൈൽ വിരിച്ചു സൗന്ദര്യ വൽക്കരണ പ്രവർത്തികൾ നടത്തി മനോഹരമാക്കുകയും, വെളിച്ചം ഉൾപ്പെടയുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും എം എൽ എ പ്രഖ്യാപിച്ചു. മേഖലയിലെ വ്യപാരികൾ ഒത്തിരി സന്തോഷത്തോടെയും ഏറെ പ്രതീക്ഷയോടെയുമാണ് ഈ വാർത്തയെ സ്വാഗതം ചെയ്യുന്നതെന്ന് SEWA പ്രസിഡണ്ട് അജു.എ ജോണി, സെക്രട്ടറി ഇ ആർ ഗോപിനാഥൻ എന്നിവർ അറിയിച്ചു.