ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയൊമ്പതാമത് ചെമ്പൈ സംഗീതോൽസവത്തിൽ സംഗീതാർച്ചന നടത്താൻ നാലായിരത്തിലേറെ കലാകാരൻമാർ രജിസ്ട്രേഷൻ നടത്തി. ഓൺലൈൻ ആയാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ .അവസാനിച്ചത് സെപ്റ്റംബർ 25 വൈകുന്നേരം 5 മണിക്കാണ്. 2023 നവംബർ 8മുതൽ നവംബർ 23 വരെ മേൽത്തൂർ ഓഡിറ്റോറിയത്തിലാണ് ചെമ്പൈ സംഗീതോത്സവം നടക്കുക. ഓൺലൈൻ രജിസ്ട്രേഷൻ മുൻ വർഷങ്ങളിൽ നിന്ന് സുതാര്യമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൂടുതലാണ്.
പതിനഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സംഗീത സപര്യയിൽ പരമാവധി 2500 കലാകാരന്മാരെയാണ് പങ്കെടുപ്പിക്കുന്നത്. എന്നാൽ ഈ വർഷം 4000 ലേറെ അപേക്ഷകൾ ആണ് വന്നിരിക്കുന്നത്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതിൽ നിന്നാണ് ഏകദേശം 2500 പേർക്ക് സംഗീതാർച്ചന നടത്താൻ അവസരമൊരുക്കുന്നതെന്ന് ചെമ്പൈ സംഗീതോത്സവം സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ഡോ. ഗുരുവായൂർ കെ മണികണ്ഠൻ. എൻ. ഹരി, വിദ്യാധരൻ മാഷ്, ആനയടി പ്രസാദ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
.2023 നവംബർ 8ന് വൈകീട്ട് നടക്കുന്ന ഔപചാരിക ഉദ്ഘാടന സമ്മേളനത്തോടെ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. അന്നേ ദിവസം നടക്കുന്ന ചെമ്പൈ സ്മാരക പുരസ്കാര സമർപ്പണവും തുടർന്നു പുരസ്കാര ജേതാവിന്റെ കച്ചേരിയും നടക്കും.
നവംബർ 9ന് രാവിലെ ശീവേലിയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് ശ്രീലകത്തു നിന്നു കൊണ്ടു വരുന്ന ദീപം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെ നിലവിളക്ക് തെളിയുന്നതോടെ പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സംഗീതാർച്ചനയ്ക്ക് തുടക്കമാകും. ഗുരുപവനപുരിയെ സംഗീതമയമാക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ രാവിലെ 6 മുതൽ പുലർച്ച വരെ ഇടതടവില്ലാതെ നടക്കുന്ന ഗാനാർച്ചനയിൽ കുരുന്നുകൾ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതഞ്ജർ പടുക്കും.
നവംമ്പർ 9 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് സ്പെഷൽ കച്ചേരിയും ഉണ്ടാവുന്നതാണ്. 22 ന് രാവിലെ 8:30 മുതൽ 9 വരെ നാഗസ്വര കച്ചേരിയും തുടർന്ന് 9 മുതൽ 10 വരെ പ്രമുഖർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തന ആലാപനം ഉണ്ടായിരിക്കുന്നതാണ്.