ഗുരുവായൂർ: ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി മേൽശാന്തി മാറ്റച്ചടങ്ങ് നടന്നു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തെ മേൽശാന്തിയായി ക്ഷേത്രം ഓതിക്കൻ പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി സ്ഥാനമേറ്റു.
ശനിയാഴ്ച അത്താഴപ്പൂജ കഴിഞ്ഞ് മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി അധികാര ചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുടത്തിലാക്കി ഊരാളനും ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിയ്ക്ക് കൈമാറി. തുടർന്ന് ഊരാളൻ താക്കോൽ പുതിയ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിക്ക് നൽകി.
ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേസ്റ്റർ കെ പി വിനയൻ, ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ, വി ജി രവീന്ദ്രൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേനാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി എ മനോജ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.