ഗുരുവായൂർ: ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾക്ക് പ്രത്യേക പേരുകൾ നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും
വസ്തുതാവിരുദ്ധവുമാണെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പ്രസ്താവനയിൽ അറിയിച്ചു.
ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ഹീനശ്രമമാണ് ഇതിനു പിന്നിൽ. കമ്പ്യൂട്ടർ സിസ്റ്റത്തിലാണ് ഗുരുവായൂർ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിൽ ഭക്തരുടെ വഴിപാടുകൾ ശീട്ടാക്കുന്നത്. ക്ലർക്കുമാർ പ്രവൃത്തിക്കു കയറുമ്പോൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചാണ് സോഫ്റ്റ് വെയർ പ്രവർത്തിപ്പിക്കുന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കാനായി ക്ലർക്കുമാരുടെ
പേര്, ഇനിഷ്യൽ എന്നിവയുടെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് യൂസർ നെയിമായി നൽകിയിരിക്കുന്നത്. അപ്രകാരം അജിത്കുമാർ ഗുരുവായൂർ എന്ന ക്ലാർക്ക് കൊടുത്ത ടിക്കറ്റിൽ AKG എന്നു കണ്ട് , ഹീനമായ രാഷ്ട്രീയ നേട്ടം ലാക്കാക്കിയാണ് ചിലർ കുപ്രചരണം അഴിച്ച് വിട്ടിരിക്കുന്നത്. അജിത്ത് കുമാർ ഗുരുവായൂർ എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്താണ് AKG .അത് അദ്ദേഹത്തിൻ്റെ യൂസർ നെയിമാണ് .ഈ വസ്തുത മനസിലാക്കാതെ ഭക്തർക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രബുദ്ധരായ, ശ്രീഗുരുവായൂരപ്പൻ്റെ ഭക്തജനങ്ങൾ ഈ കുപ്രചരണത്തിന് പിന്നിലെ രാഷ്ട്രീയ നീക്കം തിരിച്ചറിയണം. വ്യാജവാർത്ത പ്രചരിപ്പിച്ച് ഭക്തർക്കിടയിൽ ഗുരുവായൂർ ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. സുതാര്യമായും സത്യസന്ധമായും പ്രവർത്തിക്കുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ
പൊതുജനസമ്മതി തകർക്കാൻ ഒരു പറ്റം ആളുകൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ ഭക്തർ രംഗത്ത് വരണമെന്നും ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു.