കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ. നിപ സംശയമുള്ള നാല് പേർ ചികിത്സയിലാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ രോഗലക്ഷണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 2018ൽ തലച്ചോറിനെ ബാധിച്ച രോഗം ഇത്തവണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പനിയും ശ്വാസതടസവും ഉള്ളവർ നിരീക്ഷണത്തിൽ പോകണം. ചുമയും മൂക്കൊലിപ്പുമാണ് പ്രധാന ലക്ഷണമെന്നും രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പർക്ക പട്ടിക തയാറാക്കുമെന്നും ഡോ എ.എസ് അനൂപ് പറഞ്ഞു.
അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഇതിനിടെ കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും.
സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.