ഗുരുവായൂർ: 2023ലെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാല ചന്ദ്രശേഖരിന് സമ്മാനിച്ചു.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന നിയമം,വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പി രാജീവാണ് പുരസ്കാരം സമ്മാനിച്ചത്. അധർമ്മത്തിനെതിരെ, ധർമ്മത്തിൻ്റെ ചിന്തകളാണ് ശ്രീകൃഷ്ണ ജയന്തി ദിനം നൽകുന്ന സന്ദേശമെന്ന് മന്ത്രി പറഞ്ഞു. അധർമ്മത്തിനെതിരെ പൊരുതി കൊണ്ടേയിയിരിക്കണമെന്ന് ഉദ്ഘോഷിച്ചത് ഭഗവാൻ ശ്രീകൃഷ്ണനാണ്. കലകൾക്ക് എല്ലാക്കാലത്തും പ്രാധാന്യവും പ്രോൽസാഹനവും നൽകുന്നതിൽ ഗുരുവായൂർ ദേവസ്വം വലിയ സംഭാവന നൽകുന്നു. ചെമ്പൈ സംഗീതോൽസവം ഇതിനുദാഹരണമാണ്.
.ഏറ്റവും യോഗ്യമായ കരങ്ങളിലാണ് ശ്രീ ഗുരുവായുരപ്പൻ പുരസ്കാരം എത്തിയിരിക്കുന്നത്. വലിയ പുരസ്കാരത്തിലേക്കുള്ള വാതിലായി ഈ പുരസ്കാരം മാറട്ടെ എന്നും പുരസ്കാര ജേതാവിന് മന്ത്രി ആശംസ നേർന്നു.
ചsങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അധ്യക്ഷനായി. എൻ കെ അക്ബർ എം എൽ എ, നഗരസഭ ചെയർമാൻ എ .കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. കെ ആർ ഗോപിനാഥ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഭരണ സമിതി അംഗങ്ങളെ പ്രതിനിധീകരിച്ച് ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി ആശംസ നേർന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം ഭരണ സമിതി അംഗം വി ജി രവീന്ദ്രൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ചടങ്ങിന് നന്ദിയും പറഞ്ഞു. പുരസ്കാര ജേതാവായ സിക്കിൾ മാലചന്ദ്രശേഖർ മറുപടി പ്രസംഗം നടത്തി. തുടർന്ന് പുരസ്കാര ജേതാവായ പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിൻ്റെ സംഗീത കച്ചേരിയും മേൽപ്ത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി.