ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണൻ്റെ പിറന്നാൾ സദ്യ ഉണ്ടത് മുപ്പത്തയ്യായിരത്തിലേറെ ഭക്തർ. ഒൻപത് മണിക്കൂറിലേറെ വിശേഷാൽ പ്രസാദ ഊട്ട് നീണ്ടു. ഗുരുവായൂരപ്പ ദർശനത്തിനൊപ്പം വിശേഷാൽ പ്രസാദ ഊട്ടിൻ്റെ മാധുര്യവും ഭക്തസഹസ്രങ്ങൾക്ക് ധന്യതയായി. രാവിലെ 9 മണിയോടെ തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങി.
ശ്രീഗുരുവായൂരപ്പൻ്റെ ഫോട്ടോയ്ക്ക് മുന്നിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ശ്രീ ഗുരുവായൂരപ്പന് ഇലയിട്ട് ആദ്യം സദ്യ വിളമ്പി. തുടർന്ന് ഭക്തർക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ ആർ ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായി. തെക്കേ നടപന്തലിന് പുറമെ അന്ന ലക്ഷ്മി ഹാളിലും അന്ന ലക്ഷ്മി ഹാളിനോട് ചേർന്നുള്ള പന്തലിലും ഒരേസമയം പ്രസാദ ഊട്ട് വിളമ്പി. വൈകുന്നേരം 6 മണി നേരത്തും ഭക്ത സഹസ്രങ്ങൾ കണ്ണൻ്റെ പിറന്നാൾ സദ്യയിൽ പങ്കെടുക്കുത്തു. ഈ സമയം വരെ മുപ്പത്തയ്യായിരത്തിലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തിരുന്നു.