ഗുരുവായൂർ: ലണ്ടൻ ഹിന്ദു ഐക്യവേദിയും (LHA) മോഹൻജി ഫൗണ്ടേഷൻ UK യും സംയുക്തമായി ലണ്ടൻ മഹാനഗരത്തിൽ നിർമ്മിക്കുവാൻ പോകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണ സംരംഭത്തിന് ശ്രീഗുരുവായൂരപ്പൻ്റെ തിരുനടയിൽ സമാരംഭം കുറിച്ചു.
ചൊവ്വാഴ്ച രാവിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിനു സമീപം നടന്ന ലളിതമായ ചടങ്ങിൽ ക്ഷേത്ര നിർമ്മാണത്തിൻ്റെ ബ്രോഷർ പ്രകാശനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.
തുടർന്ന് ഗുരുവായൂരപ്പൻ്റെ ഒരു പിടി മണ്ണ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ പ്രതിനിധിയും പരേതനായ തെക്കുംമുറി ഹരിദാസിൻ്റെ പത്നിയുമായ ശ്രീമതി ജയലത ഹരിദാസിന് കൈമാറി.
അതോടൊപ്പം ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി മുൻ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി സ്വീകരിച്ച് ശ്രീമതി. ജയലതക്ക് കൈമാറി.
കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ദേവദാസ് നമ്പൂതിരിപ്പാട് (Head of Mohanji Foundation, Kerala), മോഹൻജി ഫൗണ്ടേഷൻ USA പ്രതിനിധി സംഗീത് ജയന്തൻ, ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധി പ്രശാന്ത് വർമ്മ, ശ്രീമതി. അനില ദേവദാസ്, മോഹൻജി ഫൗണ്ടേഷൻ പ്രതിനിധി ശ്രീമതി രാധ അമ്പാട്ട്, തെക്കുംമുറി ഹരിദാസിൻ്റെ മക്കൾ വിനോദ് ഹരിദാസ്, നിലേഷ് ഹരിദാസ്, മറ്റു കുടുംബാംഗങ്ങൾ, സുധ പുതുമന, ക്ഷണിക്കപ്പെട്ട മറ്റു വിശിഷ്ടാഥിതികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജി.കെ. പ്രകാശൻ, ബാല ഉള്ളാട്ടിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.