ഗുരുവായൂർ: അഷ്ടമി രോഹിണി നാളായ സെപ്റ്റംബർ 6 ബുധനാഴ്ച അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലിന് തുടങ്ങി അഞ്ചുമണിക്ക് അവസാനിപ്പിക്കും ബാക്കി നേരം പൊതു വരി സംവിധാനം മാത്രമാകും.
രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ ശയന പ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തെത്തണം. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും. ഈ ക്രമീകരണങ്ങളോട് സഹകരിച്ച് അഷ്ടമി രോഹിണിയാഘോഷങ്ങൾ വിജയിപ്പിക്കാൻ ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും അഭ്യർത്ഥിച്ചു.