ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 1500 ലിറ്റർ പാൽപ്പായസം തയ്യാറാക്കാവുന്ന കൂറ്റൻ നാലുകാതൻ ചരക്ക് (വാർപ്പ്) ഞായറാഴ്ച വഴിപാടായി ലഭിച്ചു. ഇതോടെ ക്ഷേത്രത്തിൽ ആയിരം ലിറ്ററിലേറെ പാൽപ്പായസം തയ്യാറാക്കാവുന്ന വാർപ്പുകളുടെ എണ്ണം നാലായി. വിദേശത്ത് വ്യവസായിയായ മാവേലിക്കര തഴക്കര മോഹൻലാൽ വാസുദേവനാണ് 30 ലക്ഷം രൂപ ചെലവിട്ട് വാർപ്പ് സമർപ്പിച്ചത്. 2000 കിലോ തൂക്കമുണ്ട്. കഴിഞ്ഞമാസവും ഇതേവലുപ്പത്തിലുള്ള വാർപ്പ് ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചിരുന്നു.
പുതിയ വാർപ്പിൽ തിങ്കളാഴ്ച പാൽപ്പായസ നിവേദ്യം തയ്യാറാക്കി. ഞായറാഴ്ച സന്ധ്യയ്ക്ക് ഗുരുവായൂരിലെത്തിച്ച വാർപ്പ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മാരായ മനോജ്കുമാർ, മായാദേവി എന്നിവർ ചേർന്ന് സ്വീകരിച്ചു.