ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി കണ്ണന് പാലും തൈരും നറു വെണ്ണയും കദളിപ്പഴവും അപ്പവും നിറച്ച് ഉറിക്കുടങ്ങൾ ഭക്തർ സമർപ്പിച്ചു.
മമ്മിയൂർ ക്ഷേത്രത്തിൽ മഹാദേവനും വിഷ്ണുവിനും അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഡോ. ഡി എം വാസുദേവൻ, ജനു ഗുരുവായൂർ എന്നിവർ ഉറികൾ സമർപ്പിച്ച ശേഷം ഘോഷയാത്ര ആരംഭിച്ചു. പഞ്ചവാദ്യം, നാഗസ്വരം, താലപ്പൊലി, മുത്തു ക്കുടകൾ എന്നിവ അകമ്പടിയായി. ഉണ്ണിക്കണ്ണൻമാരും ഗോപികമാരും കുചേല വേഷവും എഴുന്നള്ളിപ്പിൽ പങ്കെടുത്തു.
കിഴക്കേ നടപ്പുരയിൽ ദീപസ്തംഭത്തിന് സമീപം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഓതിക്കൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരി, കീഴ്ശാന്തി കിഴിയേടം രാമൻ നമ്പൂതിരി എന്നിവർ ആദ്യ ഉറികൾ സമർപ്പിച്ചു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ, പൊലീസ് അക്കാദമി എസ് പി ആർ സുനീഷ്, അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി ഭാരവാഹിളായ വി അച്യുതക്കുറുപ്പ്, രവീന്ദ്രൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.