ഗുരുവായൂർ: 2023ലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖരന് മന്ത്രി പി രാജീവ് സമർപ്പിക്കും.
അഷ്ടമി രോഹിണി ദിനമായ സെപ്തമ്പർ 6 ന് ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും. തുടർന്ന് പുരസ്കാര ജേതാവായ പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാലാ ചന്ദ്രശേഖറിൻ്റെ സംഗീതകച്ചേരിയും ഉണ്ടായിരിക്കും.
ക്ഷേത്ര കലകളുടെ പ്രോൽസാഹനത്തിനായി ഗുരുവായൂർ ദേവസ്വം 1989 മുതൽ നൽകി വരുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം. 55,555 രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം
ദേവസ്വം ചെയർമാൻ ഡോ: വി കെ വിജയൻ, ഭരണ സമിതി അംഗം കെ ആർ ഗോപിനാഥ്, പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ രംഗനാഥ ശർമ്മ ,പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞൻ പാലക്കാട് കെ എൽ ശ്രീറാം
എന്നിവർ ഉൾപ്പെട്ട ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാര നിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
നാലു പതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യൻ പുല്ലാങ്കുഴൽ വാദന രംഗത്തെ നിറസാന്നിധ്യമാണ് സിക്കിൾ മാലാ ചന്ദ്രശേഖരൻ. കലർപ്പില്ലാത്ത,ശുദ്ധ പുല്ലാങ്കുഴൽ വാദനത്തിൽ പ്രതിഭ തെളിയിച്ച സംഗീതജ്ഞയാണ്. ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റാണ്.
തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ബഹുമതികളും ലഭിച്ച കലാകാരിയാണ്. പ്രശസ്ത കർണാടക സംഗീതജ്ഞരായ സിക്കിൾ സിസ്റ്റേഴ്സ് കുടുംബത്തിലെ അംഗമാണ് മാലാ ചന്ദ്രശേഖരൻ.