ഗുരുവായൂർ: ശ്രീകൃഷ്ണ ജയന്തി വിളംബരമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ നടന്ന മഹാഗോപൂജ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരിയപ്പ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം പ്രസിഡന്റ് ഡോ കെ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി ബാബുരാജന്‍ ഗോപൂജ സന്ദേശം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, മൂകാംബിക ക്ഷേത്രം പ്രധാന അര്‍ച്ചക് ഡോ കെ രാമചന്ദ്ര അഡിഗ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ ക്ഷേത്ര കുളത്തിന് വടക്കുവശം പ്രത്യേകം തയ്യാറാക്കിയ ഗോശാലയിലാണ് ഗോപൂജ നടത്തിയത്.
ക്ഷേത്രം ഓതിക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. നേരത്തെ കിഴക്കേ നടയില്‍ നിന്ന് രാധാ കൃഷ്ണ വേഷം അണിഞ്ഞ കുട്ടികളുടെയും താലം, ഗോപികാനൃത്തം, ഉറിയടി എന്നിവയുടെയും അകമ്പടിയോടെയാണ് ഗോക്കളെ ആനയിച്ചത്. കെ എം പ്രകാശന്‍, ബാബുരാജ് കേച്ചേരി, എം എസ് രാജന്‍ തുടങ്ങിയവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.: