ഗുരുവായൂർ: ജീവിതത്തിൻ്റെ ദാർശനിക സാരം മനുഷ്യന് ലളിതമായ ഭാഷയിൽ വ്യക്തമാക്കി തന്ന കവിയാണ് പൂന്താനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആർ. ബിന്ദു പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിൽ നമ്മെ പ്രചോദിപ്പിക്കുന്ന വരികളാണ് അവ. ‘വിശ്വമാനവൻ്റെ ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ് പൂന്താനം കവിതകൾ പങ്കിടുന്നതെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും സാഹിത്യോൽസവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൂന്താനത്തിൻ്റെ പേരിലുള്ള പുരസ്കാരം മലയാളികൾ നെഞ്ചേറ്റിയ കവിയ്ക്ക് നൽകാനാകാത്ത സാഹചര്യം നിർഭാഗ്യകരമാണ്. കവിയെ ആദരിക്കാനുള്ള സുവർണ്ണാവസരമാണ് നഷ്ടമായത്. ഇത് പൂന്താനത്തെയും വേദനിപ്പിച്ചിട്ടുണ്ടാകാമെന്ന് മന്ത്രി പറഞ്ഞു
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.. വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. എൻ.കെ.അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, പ്രശസ്ത കവി വി.മധുസൂദനൻ നായർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. കൗൺസിലർ ശോഭാ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം നടത്തിയ പൂന്താനം കാവ്യോച്ചാരണ മൽസരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ വെച്ച് മന്ത്രി ഉപഹാരങ്ങളും കാഷ് അവാർഡും സമ്മാനിച്ചു. ഭരണ സമിതി അംഗം സി.മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി