ഗുരുവായൂർ: ഗുരുവായൂരിൽ ക്ഷേത്രത്തിൽ സഹസ്രകലശത്തിന്റെ ഭാഗമായി പ്രാസാദശുദ്ധി, മഹാകുംഭത്തിന്റെ സ്ഥലശുദ്ധി ചടങ്ങുകൾ നടന്നു. തെക്കേ വാതിൽ മാടത്തിൽ രക്ഷോഘ്ന ഹോമവും വടക്കേ വാതിൽ മാടത്തിൽ വാസ്തുഹോമവും നടന്നു. വാസ്തുബലി, വാസ്തുകലശപൂജ ചടങ്ങുകളും ഉണ്ടായി. ഇന്ന് രാവിലെ ബിംബ ശുദ്ധി ചടങ്ങുകളാണ്. മഹാകുംഭ കലശപൂജ, അധിവാസഹോമം ചടങ്ങുകളും നടക്കും.
തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഉച്ചപ്പൂജ നിർവഹിച്ചു. ഇനി കലശം കഴിയുന്നതു വരെ തന്ത്രിയാണ് ഉച്ചപ്പൂജ നടത്തുന്നത്. മാർച്ച് രണ്ടിന് ആയിരം കലശം, ബ്രഹ്മകലശം എന്നിവയോടെ ചടങ്ങുകൾ സമാപിക്കും
പ്രകൃതി വിഭവങ്ങൾ ആവോളം ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ സഹസകലശം നടക്കുന്നത്. കദളിപ്പഴം മുതൽ പുല്ലും പൂക്കളും സ്വർണവും വെള്ളിയും ആലും മാവും ഉൾപ്പെടെ നൂറോളം ദ്രവ്യങ്ങൾ കലശത്തിന് വേണ്ടതാണ്.