ഗുരുവായൂർ: രാമായണം ജീവിക്കുന്ന ഒരു പുരാവൃത്തമാണെന്ന് പ്രശസ്ത കലാനിരൂപകനും ചരിത്രകാരനുമായ ഡോ: എം ജി ശശിഭൂഷൺ . രാമായണ മാസാചരണ പരിപാടികളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം അഭിമുഖ്യത്തിൽ നടത്തുന്ന രാമായണം: കല, ജീവിതം, സംസ്കാരം ത്രിദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യ ജീവിത്തിൽ രാമായണത്തിന് അർഹമായ സ്ഥാനമാണ് ഉള്ളത്. രാമായണത്തിന് അനേകം പാഠഭേദങ്ങൾ ഉണ്ട്. ഇന്ത്യക്കാരുടെ മനസ്സിലൂടെ രാമായണം ജീവിക്കുന്നുവെന്നും ഡോ എം ജി ശശിഭൂഷൺ പറഞ്ഞു. നാടോടി സംസ്കാരത്തിൽ നിന്നുമാണ് രാമായണം ഉടലെടുത്തതെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച പ്രശസ്ത കവി ആലങ്കോട് ‘ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. നാടോടി സംസ്കാര കാവ്യ സഞ്ചയമാണ് രാമായണം. ആദിവാസി രാമായണവും നമുക്കുണ്ട്. രാമായണം ഇല്ലാതാവുമ്പോൾ ധർമ്മo ഇല്ലാതാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ ദേവസ്വം ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പാൾ ഡോ പി എസ് വിജോയ് അധ്യക്ഷനായി. ജനു ഗുരുവായൂർ, അജിതൻ പുതുമന, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാർ, ചീഫ് ഇൻസ്ട്രക്ടർ എം നളിൻ ബാബു എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ ഡോ ലക്ഷ്മി ശങ്കർ, ഡോ എം ഹരിനാരായണനൻ, ഡോ ജസ്റ്റിൻ പി ജി, കൃഷ്ണകുമാർ കൊട്ടാരത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആഗസ്റ്റ് 15, 16 തീയതികളിൽ നടക്കുന്ന സെമിനാറിൽ കലാ ഗവേഷകൻ കെ കെ മാരാർ, കലാനിരൂപകൻ പി.സുരേന്ദ്രൻ, ഡോ എ ടി മോഹൻ രാജ്, പ്രൊഫ കാട്ടൂർ നാരായണ പിള്ള, ഡോ വി അച്ചുതൻ കുട്ടി, എം ശിവകൃഷ്ണൻ, ഡോ ഇ കെ സുധ, സാജു തുരുത്തിൽ, സുരേഷ് മുതുകുളം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.