തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനം.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ.
അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് മാനേജ്മെന്റിന്റെ തീരുമാനം. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങളെ സഹായിക്കാനുള്ള മനസ്സാണ് ഉമ്മൻചാണ്ടി എന്ന വ്യക്തിയെ ശ്രേഷ്ഠനാക്കുന്നത് എന്ന് സെന്റ് ജോർജ് വലിയപള്ളി വികാരി ഫാദർ ഡോക്ടർ വർഗീസ് പറഞ്ഞു. വ്യാഴാഴ്ച്ച മൂന്ന് മണിക്കാണ് അന്ത്യ ശുശ്രൂഷ ആരംഭിക്കുന്നത്.
രാവിലെ ആരംഭിച്ച വിലാപയാത്ര ഇനിയും തിരുവനന്തപുരം കടന്നിട്ടില്ല. നിലവിൽ വിലാപയാത്ര കിളിമാനൂർ കഴിഞ്ഞതേയുള്ളൂ. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇനി വിലാപയാത്രയുടെ വേഗം കൂട്ടാനാണ് തീരുമാനം.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനം. തുടർന്ന് രാത്രിയോടെ രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. ശിസ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും.