കുന്നംകുളം: കാലയവനികക്കുള്ളിലേക്ക് മറഞ്ഞ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ സേവന സ്മരണ വരുംതലമുറക്ക് പകരാൻ, വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ വൃക്ഷത്തൈകൾ നട്ടുപരിപാലിയ്ക്കുന്ന കലശമലയിലെ ആര്യലോക് ആശ്രമത്തിന്റെ ആര്യവനത്തിൽ പവിഴമല്ലി ചെടി നട്ടു.
ജനങ്ങൾക്കിടയിൽ നിന്ന് ഊർജ്ജം സംഭരിച്ച് ജനങ്ങൾക്ക് തന്നെ സ്നേഹ സ്വാന്തനത്തിന്റെ ഊർജ്ജം തിരിച്ചു നൽകിയിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് KPCC മെമ്പർ ജോസഫ് ചാലിശ്ശേരി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി.
ഏതൊരു സാധാരണക്കാരന് പോലും തന്റെ പരാതി നേരിട്ട് സധൈര്യം ചെന്ന് പറയാൻ അനുവദിച്ചിരുന്ന നിസ്വാർത്ഥനായ ഒരു മുഖ്യമന്ത്രി തന്നെയായിരുന്നു ഉമ്മൻ ചാണ്ടി. തന്റെ പ്രജകൾക്കില്ലാത്ത സുഖസൗകര്യങ്ങൾ യാതൊന്നും ആഗ്രഹിക്കാതെ സധൈര്യം ജീവിച്ച അദ്ദേഹം ഭരണകർത്താക്കൾക്ക് വലിയ മാതൃകയാണ് സമ്മാനിച്ചത്.
ജാതിമതവർഗ്ഗവർണ്ണ കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി കേരളക്കരയെ സേവിച്ച ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ശ്രീ ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങളുടെ സ്മരണയ്ക്ക് കേരളത്തിനു വേണ്ടി ഈ വൃക്ഷം ഇവിടെ പൂത്തുലയുമെന്നും ആര്യമഹർഷി പറഞ്ഞു.

തന്റെയും ഭാര്യയുടെയും കിഡ്നി ദാനം ചെയ്ത് മാതൃകയായ ആര്യ മഹർഷിയുടെ പ്രവർത്തനങ്ങളിൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ നടപടികൾ ഏറെ ശ്ലാഘനീയമാണെന്നും, ജയിൽപ്പുള്ളികളുടെ അവയദാനത്തിനായുള്ള നിയമ നിർമ്മാണത്തിന് ആര്യലോക് ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒപ്പം നിന്ന് നിയമം പ്രാബല്യത്തിലെത്തിച്ച സ്മരണ ശ്രീ ശ്രീ ആര്യമഹർഷി പങ്കു വെച്ചു.
പോർക്കുളം പഞ്ചായത്ത് ഭരണ സമിതി അംഗം കെ എ ജ്യോതിഷ്, സതീഷ് ആറങ്ങോട്ടുകര, മനോജ് കുമാർ, ശിവകുമാർ, ആര്യനാമിക തുടങ്ങിയവർ അനുസ്മരിച്ചു.
