ആനക്കര: ഇന്ന് കർക്കിടകസംക്രമം. തെക്കൻ കേരളത്തിൽ ചേട്ടാ ഭഗവതിയെ പുറത്താക്കലാണ് സംക്രമ നാളിലെ പ്രധാന ചടങ്ങ്. വീട്ടിൽ നിന്ന് അശുദ്ധി നീക്കി ഐശ്വര്യം കുടിയിരുത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കർക്കടക സംക്രമ നാളിൽ തിന്മയെ അകറ്റി നന്മയെ കുടി ഇരുത്തും അതിനാൽ ചേട്ടാ ഭഗവതിയായ പൊട്ടിയെ പുറത്താക്കി ഐശ്വര്യ ലക്ഷ്മിയായ ശ്രീ ഭഗവതിയെ കുടിവെയ്ക്കണം ‘ പൊട്ടിയെ ആട്ടുക’ എന്ന ഈ ചടങ്ങ് പഴമയുടെ തനിമ നഷ്ടപ്പെടാതെ ആചര്യക്കുന്ന ഗ്രാമങ്ങൾ ഇന്നും കേരളത്തിലുണ്ട്. ഇതിന്റെ ഭാഗമായി വീടും പരിസരവും അടിച്ചു തുടച്ച് വൃത്തിയാക്കും. അഴുക്കുകൾ മാഞ്ഞ് ഐശ്വര്യത്തിന്റെ പ്രകാശം ചൊരിയുന്നതിന് പൊട്ടിയെ ആവാഹിച്ച് കുടിയിറക്കും. സംക്രമ നാളിൽ സന്ധ്യക്കാണ് ഈ ചടങ്ങ് നടക്കുന്നത്. കുറ്റി ചൂലും, കീറക്കൊട്ടയും, പൊട്ടക്കയ്യിലും, വാഴതണ്ടും മൊക്കെയാണ് പൊട്ടിയെ ആട്ടുക. തളിർ ചെടിയും, പ്ലാവിലയും, കരിപ്പൊടിയും, മഞ്ഞളും ചാലിച്ച ചോറു വിളയും ഇവയോടൊപ്പം കൂട്ടു കെട്ടി കിന്തിരിയും കത്തിച്ച് ‘ പൊട്ടി പോ ശീ പോതി വാ,’ ‘ പൊട്ടി പുറത്ത് ശീ പോതി അകത്ത് എന്ന വായ്ത്താരിയോടെ വാഴയുടെ തണ്ടു കൊണ്ട് വീടിന്റെ ചുമരിലും മതിലിലും അടിച്ച് വീടിന്റെ വടക്ക് ഭാഗത്തെ വാതിലിലൂടെ വന്ന് വീട് ചുറ്റി വീടിന്റെ വടക്ക് ഭാഗത്തെ മൂന്നും കൂടിയ വഴിയിൽ ഉപേക്ഷിക്കുന്നു ആൾപെറുമാറ്റ മില്ലാത്ത സമയത്താണ് പൊട്ടിയെ ഉപേക്ഷിക്കുക. തുടർന്ന് കുളി കഴിഞ്ഞാണ് വീട്ടിലെ ഗൃഹനാഥൻ വീട്ടിലേക്ക് പ്രവേശിക്കുക. പൊട്ടിയെ ആട്ടി പുറത്തേക്ക് കൊണ്ടു പോകുമ്പോൾ വെള്ളം നിറച്ച കിണ്ടിയുമായി വീട്ടിലുള്ള വരും പടിവരെ ചെല്ലും.
ഈ ആചാരം ഇന്നും ഗ്രാമങ്ങളിലെ വീടുകളിൽ ആചരിക്കാറുണ്ട്. കുളി കഴിഞ്ഞ് എത്തുന്ന ഗൃഹനാഥൻ ശുദ്ധമായി പൂജാമുറിയിലോ വീടിന്റെ മച്ചിലോ ആണ് ശീ പോതിയെ കുടി ഇരുത്തുക. ഉരുളി, വാൽക്കണ്ണാടി, ഗ്രന്ഥം, ചെപ്പ്, കുങ്കുമം, കൺമഷി, അലക്കിയ വസ്ത്രം, ഫലം എന്നിവ അടങ്ങിയ ദശ പുഷ്പവും, കിണ്ടിയും, നിലവിളക്കും വെച്ചാണ് കുടി ഇരുത്തൽ ചടങ്ങ് നടത്തുക. ഇതോടെ വീട്ടിൽ ഐശ്വര്യ ലക്ഷ്മി നിറയും എന്നാണ് വിശ്വാസം.