അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. കപ്പലിൽ യാത്ര ചെയ്ത 5 യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി നടന്നതെന്നാണ് വിലയിരുത്തൽ. ടൈറ്റാനിക്കിൽ നിന്ന് ഏകദേശം 1,600 അടി അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഇന്ന് വൈകിട്ട് 4.30 വരെ ഉപയോഗിക്കാൻ കഴിയുന്ന ഓക്സിജൻ മാത്രമായിരുന്നു ടൈറ്റനിൽ ഉണ്ടായിരുന്നത്. ടൈറ്റനിലെ യാത്രക്കാരുടെ തിരിച്ചുവരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് ഈ ദുരന്ത വാർത്ത. കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായി എന്ന സന്ദേശം കമാൻഡ്ഷിപ്പിൽ നിന്നും യുഎസ് കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്.
ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.