ഗുരുവായൂർ: പുതുച്ചേരി ലെഫ്.ഗവർണറുടെ ചുമതല കൂടി വഹിക്കുന്ന തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജനും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ബുധനാഴ്ച രാത്രി ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, മാനേജർ പ്രമോദ് കളരിക്കൽ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാത്രി ശ്രീവൽസത്തിൽ തങ്ങിയ ഗവർണറും കുടുംബവും വാഴാഴ്ച രാവിലെ അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തി ശ്രീ ഗുരുവായൂരപ്പനെ കണ്ടു തൊഴുതു. ഭഗവാൻ്റെ പ്രസാദ കിറ്റ് ഗവർണർക്കും കുടുoബത്തിനും നൽകി. തുടർന്ന് ശ്രീവൽസത്തിൽ തിരിച്ചെത്തിയ ഗവർണർ പന്തീരടി പൂജയ്ക്ക് ശേഷം നട തുറന്നപ്പോൾ വീണ്ടുമെത്തി ചെറുമകളുടെ ചോറൂൺ ചടങ്ങിലും പങ്കെടുത്തു.
ഗവർണറുടെ സഹോദരി ഡോ സൗന്ദര്യ, മകൻ ഡോ സുഗുനാഥൻ സൗന്ദരരാജൻ, ഭാര്യ ഡോ ദിവ്യ, ചെറുമകൾ എസ് കവിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഗവർണർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം ഗസ്റ്റ് ഹൗസ് മാനേജർ പ്രമോദ് കളരിക്കൽ നൽകി. പ്രാതലിനു ശേഷം പുന്നത്തൂർ ആനക്കോട്ടയും സന്ദർശിച്ച ശേഷം രാവിലെ പത്തരയോടെയാണ് ഗവർണറും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങിയത്.