ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള വായനദിനാഘോഷം ജൂൺ 19 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കും.
വായനാ സംസ്കാരത്തെ പരിപോഷിക്കാൻ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രശ്നോത്തരി മൽസരങ്ങൾ എന്നിവ നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ നാളെ വൈകുന്നേരം ചേരുന്ന സമാദരണ സമ്മേളനത്തിൽ നൽകും.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തി പ്രശസ്ത സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. വൈകുന്നേരം നടക്കുന്ന സമാദരണ സമ്മേളനം ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ടി ഡി രാമകൃഷ്ണനുള്ള ആദരവ് സമർപ്പണം അദ്ദേഹം നിർവ്വഹിക്കും.
ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ അധ്യക്ഷനാകും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും. ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ കൃതജ്ഞത രേഖപ്പെടുത്തും.