ഗുരുവായൂർ: സംസ്ഥാനത്ത് ജൂൺ 9ന് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസക്കാലത്തെ ട്രോളിംഗ് നിരോധന കാലയളവിലേക്കാവശ്യമായ എല്ലാ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ പദ്ധതി തുക ഗഡുക്കളായും ലഭിക്കും. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനത്തിന് വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പെട്രോളിങ്ങിനുമായി ഒമ്പത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകളും അഞ്ച് ഫൈബർ ബോട്ടുകളും വാടകയ്ക്ക് എടുക്കുകയും ആവശ്യമായ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളുമുണ്ട്. കൂടാതെ അധിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോടൊപ്പം സമ്പാദ്യ സമാശ്വാസ പദ്ധതി തുക ഗഡുക്കളായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 83 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി എല്ലാ ഹാർബറുകളിലും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിയോഗിച്ചു. എല്ലാ ഹാർബറുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കടൽ പെട്രോളിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കും ആവശ്യമായ തുക ഒമ്പത് തീരദേശ ജില്ലകൾക്കും അനുവദിച്ചു. 2022ലെ ട്രോളിംഗ് നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അതേ രീതിയിൽ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കും. ഫിഷറീസ് വകുപ്പിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ തുടർച്ചയായി കടൽ പെട്രോളിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.
ട്രോൾ ബാൻ കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടി വരുമ്പോൾ ഫിഷറീസ് വകുപ്പ് മറൈൻ എൻഫോർസ്മെൻ്റ്, കോസ്റ്റൽ പോലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇന്ത്യൻ നേവി ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സജ്ജരാകുവാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ തലത്തിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും മീറ്റിംഗ് ജില്ലാതലത്തിൽ വിളിച്ചുകൂട്ടി ട്രോൾ ബാൻ വിജയിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോയി എന്ന് ഉറപ്പാക്കി. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് അതാത് ജില്ലകളിലെ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കടൽ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ കൈയിൽ കരുതണം. ആയത് യാനഉടമകൾ ഉറപ്പാക്കണം. ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ഈ ട്രോൾ ബാൻ കാലയളവികൾ തന്നെ അടിയന്തിരമായി കളർ കോഡിംഗ് നടത്തണം. ഫിഷറീസ് ജില്ലാ ഓഫീസർമാർ അത് പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോൾ ബാൻ കാലയവിൽ കൂടുതൽ പോലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ട്രോൾ ബാൻ കാലയളവിൽ ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ എന്നും ഇത് ലംഘിക്കുന്നവർക്കെതിരെ മറൈൻ എൻഫോഴ്സ്മെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കി വരുന്നത്. 2007ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ (സംരക്ഷണ) ആക്ട് നിലവിലുള്ളതിനാൽ സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. എന്നാൽ ഇന്ത്യ ഗവൺമെൻറ് പശ്ചിമതീരത്ത് ഇ ഇ സെഡ് (EEZ) ൽ 2023 ജൂൺ ഒന്ന് മുതൽ 2023 ജൂലൈ 31 വരെ 61 ദിവസം നോൺ മോട്ടോറൈസ്ഡ് യാനങ്ങൾ ഒഴികെയുള്ളവയ്ക്ക് മത്സ്യബന്ധനത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 1988 മുതലാണ് സംസ്ഥാന സർക്കാർ ട്രോളിംഗ് നിരോധനം നടപ്പാക്കി വരുന്നത്. വർഷക്കാലത്താണ് ഏറെ മത്സ്യങ്ങളും പ്രജനനം നടത്തുന്നത്. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം ഇതിന് വളരെ അനുയോജ്യമായ സമയമാണ്. ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യകുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിപ്പിക്കപ്പെടുമെന്നതിനാൽ മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനാണ് ട്രോളിംഗ് നിർത്തുന്നത്.
വാർത്താസമ്മേളനത്തിൽ എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.