ഗുരുവായൂർ: ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടു വരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ള കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സാഹചര്യം സുഷ്ടിക്കുന്നതിൽ രാജ്യം ഏറെ പുറകോട്ട് പോയതായും ചൂണ്ടിക്കാട്ടി.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സുരേഷ് വാരിയരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്ത്രികരെപ്പോലെ ശൂന്യതയിൽ നിന്ന് വാർത്ത സൃഷ്ടിക്കുന്ന പ്രവണത ആശാസ്യമല്ലെന്നും സതീശൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ദുഷിച്ച പ്രവണതകളുടെ ഇരകൾ കൂടുതലായും സ്ത്രീകളും കുട്ടികളുമാണെന്നും ചൂണ്ടിക്കാട്ടി.
മാധ്യമം വൈപ്പിൻ ലേഖിക ഹസീന ഇബ്രാഹിം, സി എൻ. ടി വി റിപ്പോർട്ടർ ഷാഫി ചങ്ങരംകുളം എന്നിവര്‍ക്ക് സുരേഷ് വാരിയര്‍ സ്മാരക മാധ്യമ പുരസ്കാരം സതീശന് നല്കി. എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായി. മുന്‍ വൈസ് ചെയര്മാന് കെ പി വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വെസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ്, മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി കെ പ്രകാശന്, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്, പി കെ രാജേഷ് ബാബു, ലിജിത് തരകൻ എന്നിവര്‍ സംസാരിച്ചു. എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയ എം ജെ ജെസ്റ്റോക്ക് പ്രതിപക്ഷ നേതാവ് ഉപഹാരം നൽകി.