ഗുരുവായൂർ: സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം പ്രചരണഭാഗമായി ക്ഷേത്രങ്ങളും പരിസരവും ശുചിയായി സംരക്ഷിക്കാൻ “ദേവാങ്കണം ചാരുഹരിതം’ എന്ന സന്ദേശവുമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വിപുലമായി ആചരിക്കും.
ദേവസ്വം കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും ഹരിത ചട്ടം നടപ്പാക്കുന്നതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം , ദേവസ്വം സ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം, ആനക്കോട്ടയിൽ വൃക്ഷത്തൈ നടീൽ എന്നിവ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടത്തും. ദേവസ്വം ശ്രീകൃഷ്ണ കോളേജിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലും ദേവസ്വം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലും പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ, സെമിനാറുകൾ എന്നിവയുണ്ടാകും. പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 5 ന് തിങ്കളാഴ്ച രാവിലെ 10 :30ന് കിഴക്കേ നട മഞ്ചുളാലിന് സമീപം ചേരുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ നിർവ്വഹിക്കും.
ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സന്നിഹിതരാകും.