ഗുരുവായൂർ: രാധാഷ്ടമി ദിനമായ ശനിയാഴ്ച ബാംസൂരി ഉന്നമന സഭയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ഓടക്കുഴൽ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പുല്ലാങ്കുഴൽ വിദ്യാരംഭവും സംഗീതാർച്ചനയും നടന്നു.
പ്രായഭേദമെന്യേയുള്ള 50-ഓളം വിദ്യാർഥികൾക്ക് പ്രസിദ്ധ പുല്ലാങ്കുഴൽ വിദ്വാൻ വി ടി അശോക് കുമാർ ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുത്ത് വിദ്യാരംഭം കുറിച്ചു. തുടർന്ന് ഗുരുവായൂർ ക്ഷേത്രം ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ പുല്ലാങ്കുഴൽ സംഗീതാർച്ചനയും നടന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അഷ്ടമിരോഹിണിക്ക് ശേഷം വരുന്ന അഷ്ടമി ദിനം ‘രാധാഷ്ടമി’യായി ആചരിച്ച് പുല്ലാങ്കുഴൽ കച്ചേരികൾ നടത്തിവരുന്നുണ്ട്. രാധാകൃഷ്ണ സംഗമത്തിലൂടെ ഉളവാകുന്ന ഭക്തി, അനുരാഗം, വാത്സല്യം തുടങ്ങി വിവിധ വികാരങ്ങളെ ഉൾക്കൊണ്ട് ആ സംഗമങ്ങളെ ധന്യമാക്കുന്നതിൽ പുല്ലാങ്കുഴൽ സാക്ഷിയും അതിന്റെ ഭാഗവുമാണ്. അതുകൊണ്ടുതന്നെ ഈ ദിനം ഭഗവാനും രാധാദേവിക്കും പ്രിയപ്പെട്ടതാകുന്നു. അതു തന്നെയാണ് ഈ ദിനത്തിന്റെയും സംഗീതാർച്ചനയുടെയും പ്രസക്തിയെന്നും വിദ്യാരംഭത്തിന് നേതൃത്വം നൽകിയ വി ടി അശോക് കുമാർ പറഞ്ഞു.
