ഗുരുവായൂർ: ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ 2026 സെപ്തംബർ 20 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ഇന്ത്യയിലെ പ്രശസ്ത ചിത്രകാരൻമാർ പങ്കെടുക്കുന്ന നാഷണൽ ട്രെഡിഷണൽ റസിഡൻസി വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ചുമർചിത്ര കലാകാരനായ എം. നളിൻ ബാബുവിന് വീണ്ടും ക്ഷണം ലഭിച്ചു.
ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠന കേന്ദ്രം മുൻ പ്രിൻസിപ്പാളായിരുന്ന എം നളിൻ ബാബുവിന് ഇത് രണ്ടാമതായി ലഭിക്കുന്ന അംഗീകാരമാണ്. 2026 മാർച്ചിൽ രാഷ്ട്രപതി ഭവനിൽ പഞ്ചതന്ത്ര കഥ ചുമർചിത്ര ശൈലിയിൽ വരച്ചതിന് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിൽ നിന്ന് ആദരവ്’ ലഭിച്ചിട്ടുണ്ട്.

ചുമർചിത്രകലയുടെ പാരമ്പര്യവും സാങ്കേതിക മികവും ദേശീയതലത്തിൽ അവതരിപ്പിക്കുന്നതിനുള്ള അവസരമായാണ് പുതിയ ക്ഷണം. ഗുരുവായൂരിന്റെ പരമ്പരാഗത ചുമർചിത്രകലാരംഗത്തിന് അഭിമാനകരമായ നേട്ടമായാണ് എം നളിൻ ബാബുവിന്റെ ഈ അംഗീകാരത്തെ വിലയിരുത്തുന്നത്. കണ്ടിയൂർ മഹാവിഷ്ണു ഷേത്രത്തിലും കൊല്ലംകോട് കാച്ചാംകുരിശ്ശി പെരുമാൾ ഷേത്രത്തിലും ചുമർചിത്ര രചനയ്ക്കു നേതൃത്വം നടത്തി വരുന്ന നളിൻബാബു പെരുവല്ലൂരിലെ അന്തരിച്ച കവി കെ ബി മേനോന്റെ മകനാണ്.
